Day 1 

രാവിലെ 3 : 30 നു പുറപെടാമെന്നു  കരുതി എണീറ്റപ്പോൾ നല്ല മഴ അതുകൊണ്ടു യാത്ര ആരംഭിച്ചപ്പോൾ അഞ്ചു മണിയായി. മാഹിയിൽ നിന്നും ഫുൾ ടാങ്ക് എണ്ണയും അടിച്ചു,  കോഴിക്കോട് കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിച്ചു, അങ്കമാലിയിൽ നിന്നും നല്ല കിടിലം നടൻ ഊണും ഉണ്ട് രണ്ടുമണിയോടെ നേര്യമംഗലത്തു എത്തി. അവിടെ നിന്നും നീണ്ടപാറ വഴി പുന്നയർ വെള്ളച്ചാട്ടം അതിനു ശേഷം കല്ലുമേ കല്ല് വ്യൂപോയിന്റ് , കരിമ്പൻകുത് വെള്ളച്ചാട്ടം പിന്നെ തൂവൽ വെള്ളച്ചാട്ടം ഇത്ര ആയിരുന്നു ഇന്നത്തെ എന്റെ പ്ലാൻ. എന്നാൽ രണ്ടു മലകളുടെ ഇടയിലൂടെ പെരിയാറിന്റെ തീരത്തു കൂടിയുള്ള റോഡിൽ നിന്നും ഉള്ള കാഴ്ചകൾ എന്റെ സ്വപ്നങ്ങൾക്കും  അതീതമായിരുന്നു. ജാക്കറ്റും ഷൂസും അഴിച്ചപ്പോൾ തന്നെ ശരീരത്തിലേക്ക് ഒരു തണുപ്പ് കടക്കാൻ തുടങ്ങി.   ശക്തമായ മഴയുടെ സമയമായിരുന്നതിനാൽ മലനിരകളിൽ  മഴ കാലത്തു മാത്രം രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങൾ ധരാളം ഉണ്ടായിരുന്നു. അവയെ മുട്ടിയുരുമ്മി പോകുന്ന കോടമഞ്ഞും അടിവാരത്തുകൂടി ഒഴുകുന്ന പെരിയാറും എല്ലാം കണ്ടു കീരിത്തോടെത്തിയപ്പോളേക്കും സമയം 4 മണി. 

“ചേട്ടാ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി എങ്ങോട്ടാ ?

വീട്ടിൽ പോടാ……….അവിടെയെല്ലാം വലിയ മലവെള്ളപ്പാച്ചിൽ ആണ്. അങ്ങോട്ടൊന്നു ആരെയും വിടുന്നില്ല.

പെട്ടന്ന് പുറകിൽ നിന്നും ആരോ ആക്രോശിച്ചു.  

ദൂരെ നിന്ന് കണ്ടോളാം ചേട്ടാ. 

എവിടുന്നാ 

കണ്ണൂർ 

വെള്ളത്തിലൊട്ടൊന്നു ഇറങ്ങിയേക്കരുത്. “


അങ്ങനെ വഴി വെക്തമായി പുള്ളി തന്നെ പറഞ്ഞു തന്നു. അവിടെത്തിയപ്പോൾ വെള്ളച്ചാട്ടം A ഉം  b ഉം .

വഴി ചോദിയ്ക്കാൻ ആരും ഇല്ല. എങ്കിലും വലിയ ബുദ്ധിമുട്ടാതെ താഴ്ത്താതെ വെള്ളച്ചാട്ടത്തിൽ എത്തി. കലിതുള്ളി ചാടുന്ന വെള്ളച്ചാട്ടത്തിൽ ആഞ്ഞടിക്കുന്ന കാറ്റും വെള്ളത്തുള്ളികളും  അവിടമാകെ ഇളക്കി മറിക്കുന്നു . അവയെ വകവെക്കാതെ കുറച്ചു വിഡിയോയും ഫോട്ടോയും എടുത്തു. ഇനി അടുത്ത വെള്ളചാട്ടം കാണണമല്ലോ. അതിനാൽ കുറെ സമയം അവിടെ ചിലവഴിക്കാതെ. അടുത്ത വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നടന്നു. വഴി അടയാളപ്പെടുത്തിയിരിക്കുന്ന അരോമാർക് അനുസരിച്ചു പുഴ മുറിച്ചു കടന്നു വേണം അവിടെ എത്താൻ, ശക്തമായ കുത്തൊഴുക്ക് ഉള്ളതിനാൽ  രണ്ടാം വെള്ളച്ചാട്ടം കാണാനുള്ള പൂതി ഞാൻ അവിടെ ഉപേക്ഷിച്ചു തിരികെ ബൈക്കിനടുത്തെത്തി. സമയം അഞ്ചുമണിയോട് അടുത്തതിനാലും. നെടുങ്കണ്ടം എത്തി റൂം കണ്ടു പിടിക്കണമെന്നതിനാലും. അവിടെ നിന്നും യാത്ര തിരിച്ചു. വഴി ചോദിയ്ക്കാൻ വേണ്ടി ഒരു ചേട്ടനെ കണ്ടു നിർത്തിയപ്പോൾ ആണ് അറിഞ്ഞത് പുള്ളി പണ്ട് ഞങ്ങളുടെ നാട്ടിലേക്കു ഹോളിഫാമിലി ബസ് ഓടിക്കുന്ന ആളായിരുന്നു. അങ്ങേരു നെടുങ്കണ്ടത്തേക്കുള്ള വ്യക്തമായ വഴി പറഞ്ഞു തന്നു. പോകുന്ന വഴിയിൽ ആയിരുന്നു കരിമ്പൻ കുത്തു വെള്ളച്ചാട്ടം അതിനു ശേഷം മനോഹരമായ ഒരു വ്യൂ പോയിന്റും കണ്ടു. ചേലച്ചുവട്, മുരിക്കാശേരി, തോപ്രാംകുടി, മേലേചിന്നാര് വഴി


പൊട്ടിപൊളിഞ്ഞ റോഡിലൂടെ ഏതാണ്ട് എട്ടു മണിയോടെ നെടുംകണ്ടത്തെത്തി. നേരെ pwd റെസ്റ്ഹൗസിലേക്കു വിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നോക്കിയപ്പോൾ റൂം എല്ലാം ബുക്കിംഗ് ആയിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ റൂം ലഭ്യമാണ്. ഓൺലൈൻ ബുക്ക് ചെയ്യണം എന്ന് മാത്രം. ആധൂനിക സാങ്കേതിക വിദ്യ ഇല്ലാത്ത ഞാൻ ഒരു സുഹൃത്തും റിലേറ്റീവും ആയ ഷെബീന്സിന്റെ സഹായം തേടി റൂം ബുക്ക് ചെയ്തു. ടൗണിൽ പോയി ഭക്ഷണം കഴിച്ചു ആ വിശാലമായ  റൂമിൽ രാജകിയമായി അന്തിയുറങ്ങി. 


Day 2 


രാവിലെ നാലുമണിയോടെ എഴുനേറ്റു നാലരയോടെ യാത്രക്ക് റെഡിയായി. അപ്പോളാണ് അത് ശ്രദ്ധിച്ചത്. ഇന്നലെ മാഹിയിൽ നിന്നും എണ്ണ അടിച്ചപ്പോൾ ടാങ്ക് റിസേർവിൽ നിന്നും മാറ്റി മെയിൻ ൽ  ആക്കാൻ മറന്നിരുന്നു. ഇന്നലെ കുറെ ദൂരം ഞാൻ റീസർവിൽ ഓടിയിരുന്നു. അതിനാൽ തന്നെ ഇനി എത്ര ദൂരം ഓടാനുള്ള പെട്രോൾ വണ്ടിയിൽ ഉണ്ട് എന്ന് ഒരു ധാരണയും ഇല്ല .  നെടുങ്കണ്ടം ടൗണിൽ ചെന്നപ്പോൾ. പെട്രോൾ പമ്പ്  തുറക്കാൻ ഏഴുമണിയാകും എന്ന് ഒരു ഓട്ടോക്കാരൻ പറഞ്ഞു. മാത്രവും അല്ല ഇനി ഇവിടം വിട്ടാൽ അടുത്ത പമ്പു കമ്പത്തുമാത്രമാണ് ഉള്ളത് എന്നുകൂടി പറഞ്ഞപ്പോൾ അയാൾ ഒരു പക്കാ ഉടായിപ്പാണെന്നു എനിക്ക് തോന്നി. ഇന്നത്തെ എന്റെ ലക്‌ഷ്യം മേഘമലൈ ആണ്.  പമ്പു തുറക്കാൻ കാത്തുനിന്നാൽ എന്റെ സർവ പ്ലാനിഗും പാളിപോവും എന്നതിനാൽ ഞാൻ കമ്പത്തേക്കു തന്നെ പോവാൻ തീരുമാനിച്ചു. തകർത്തു പെയ്യുന്ന മഴയും റോഡിൽ വലിയ കുഴികളും കോടമഞ്ഞും എണ്ണ തീരുമോ എന്ന പേടിയും യാത്രയെ വളരെ ദുഷ്കരമാക്കി. പറമ്പിൽ പണിയുമ്പോൾ ഉപയോഗിക്കുന്ന മുട്ടോളം ഉള്ള ഷൂ ആണ് ഞാൻ ദൂരയാത്രയിൽ ഉപയോഗിക്കാറുള്ളത്. അത് വഴിയിൽ വീണുപോയകാര്യം ഞാൻ അറിഞ്ഞപ്പോൾ വൈകിപ്പോയി. എന്തായാലും ആ പൊട്ടിപൊളിഞ്ഞ റോഡ് കുറെ കഴിഞ്ഞപ്പോൾ നല്ല ഒരു റോഡിൽ ചെന്നുകയറി. കുറെ ഹെയർപിൻ ബെന്റ്‌ ഇറങ്ങി താഴെ ചെന്നപ്പോളേക്കും വെളിച്ചം വീണു തുടങ്ങിയിരുന്നു. ഉദിച്ചു വരുന്ന സൂര്യന്റെ കിരണങ്ങൾ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന മലകളുടെ മനോഹര ദൃശ്യം കണ്ടു അങ്ങനെ ആ ഇറക്കം ഇറങ്ങി താഴെ ചെന്നപ്പോൾ കണ്ട പെട്രോൾപമ്പിൽ നിന്ന് പെട്രോളും അടിച്ചു യാത്ര തുടർന്നു. ഉദയ സൂര്യന്റെ കിരണങ്ങൾ ഏറ്റു  തിളങ്ങുന്ന  നെല്പാടങ്ങളുടെ നടുവിലൂടെ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മനോഹരമായ പാതയുടെ വലതു വശത്തു ഞാൻ കേറാന് പോകുന്ന മേഘമലയും ഇടതുവശത്തു മേശപ്പുലിമലയും കൊളുക്കുമലയും മൊക്കെ തല ഉയർത്തി നിൽക്കുന്ന കാഴ്ച കുറെ സ്ഥലങ്ങളിൽ വണ്ടി നിർത്തി ഞാൻ ആസ്വദിചു.  


ചിന്നമന്നൂർ എന്ന സ്ഥലത്തുനിന്നും വലത്തേക്ക് തിരിഞ്ഞാണ് മേഘമലയ്ക്കു പോവേണ്ടത്. ഭീമാകാരന്മാരായ കാറ്റാടിയന്ത്രങ്ങളുടെ ഇടയിലൂടെ നീണ്ടു കിടക്കുന്ന ചെറിയ പാത. മലയുടെ അടിവാരത്തു ഒരു ഫോറെസ്റ് ചെക്ക് പോസ്റ്റ് ഉണ്ട് അവിടെ വണ്ടി നമ്പറും നമ്മുടെ ഡീറ്റൈൽസും രേഖപ്പെടുത്തണം. ഏഴുമണിയോടുകൂടി അവിടെയെത്തിയ ഞാൻ ആണ് ഇന്നത്തെ ആദ്യ വിസിറ്റർ. അവിടെയുണ്ടായിരുന്ന  ഉണ്ടായിരുന്ന ഓഫീസർ 100 എൻട്രി ഫീ ചോദിച്ചു. റെസിപ്റ് തന്നാൽ തരാം എന്ന് പറഞ്ഞ എന്നോട് കാടിന്റെ ഫോട്ടോ എടുക്കരുത് എന്ന താക്കിതും തന്നു വിട്ടു. 


ഇനി അങ്ങോട്ട് മലകയറ്റം ആണ്. ഹെയർപിൻ ബെന്റുകളെല്ലാം ഇന്റർലോക്ക് ചെയ്തിരിക്കുന്നു. രാവിലെ ആയതുകൊണ്ടായിരിക്കാം മറ്റു വാഹനങ്ങളുടെ സാനിധ്യം തീരെ ഇല്ല. രാത്രി കാലങ്ങളിൽ കാട്ടാനകളുടെ വിഹാര കേന്ദ്രമാണ് ഈ റോഡ്‌ എന്ന് അവിടുത്തെ ആനപിണ്ടങ്ങളുടെ സാനിധ്യം കൊണ്ട് തന്നെ മനസിലാക്കാം. താഴ്വരങ്ങളുടെ പുലർകാല സൗദര്യം ആസ്വദിച്ച് ആ യാത്ര  ചെന്ന് കയറിയത് തേയില തോട്ടങ്ങളുടെ ഇടയിലേക്കാണ്. ഇവിടം മുതൽ ആരംഭിക്കുകയായി മേഘമല എന്ന സ്വർഗം. മുന്പോട്ടു പോകുംതോറും. ശരീരം തുളച്ചുകയറുന്ന തണുപ്പ് അല്പം ബുദ്ധിമുട്ടായി എനിക്ക്  തോന്നി എങ്കിൽ കൂടെയും, എന്തിനോ വേണ്ടി ചീറിപ്പാഞ്ഞു പോകുന്ന കോടമഞ്ഞു മുമ്പോട്ടുള്ള യാത്രയിൽ ആവേശം പകർന്നു. ആഞ്ഞടിക്കുന്ന കാറ്റിൽ  ചിലസമയങ്ങളിൽ ബൈക്ക് പാളുന്നതായും അനുഭവപെട്ടു. വൈകാതെ തന്നെ ഹൈവേ ഡാമിനടുത്തെത്തി. വർണിക്കത്തക്ക ഭംഗിയൊന്നും മനുഷ്യനിർമിതമായ ഡാമിന് ഞാൻ കണ്ടില്ല. അല്പവും കൂടി ചെന്നപ്പോൾ കണ്ട ഒരു ഹോട്ടലിൽ കയറി അഞ്ചു ഇഡലിയും ഒരു വടയും നാലുകൂട്ടം കറിയും കൂട്ടി  മനസ്സിനും ശരീരത്തിനും തൃപ്‌തികരമായ രീതിയിൽ കഴിച്ചു. . ഒരു ചായയും കുടിച്ചു. എന്തോ ഒരു ഹോംലി അന്തരീക്ഷം അവിടെ അനുഭവപെട്ടു. നല്ല ഭക്ഷണം തുച്ഛമായ വിലയും. തിരിച്ചു വരുമ്പോൾ ചോറും കഴിച്ചിട്ട് പോവാം എന്ന് പറഞ്ഞു കടയിലെ അണ്ണൻ എന്നെ യാത്രയാക്കി. പേച്ചിയമ്മൽ എന്നാണ് ആ ഹോട്ടലിന്റെ പേര്. 


വലിയ ഒരു മലയുടെ  മുകളിൽ വലിയ ഒരു തടാകവും അതിനു ചുറ്റിലുമായി വ്യാപിച്ചു കിടക്കുന്ന തേയില തോട്ടങ്ങളും. അവിടെ പണിയെടുക്കുന്ന തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളും. ഇതാണ് മേഘമല. റിസോർട്ടുകളുടെ സാനിധ്യവും. ടൂറിസ്റ്റുകളുടെ തിക്കും തിരക്കും. മുട്ടിനു മുട്ടിനു ചേർന്നുള്ള കടകളോ ഒന്നും തന്നെ ഇവിടെ ഇല്ല എന്ന് തന്നെ പറയാം . ഗൂഗിൾ പേ ക്കോ


ഫോൺ പേ ക്കോ ഇവിടെ യാതൊരു പ്രാധാന്യവും ഇല്ല.  ആ സ്ഥലം കാല കാലത്തോളം അങ്ങനെ തന്നെ നില നിൽക്കട്ടെ എന്ന്  ഞാൻ ആഗ്രഹിക്കുന്നു. 


അൽപ സമയം കഴിഞ്ഞപ്പോൾ ആ കുത്തിയുള്ള തണുപ്പുമാറി നല്ല സുഖമുള്ള കാലാവസ്ഥയായി. അവിടെ ഇപ്പോളും നിലനിൽക്കുന്ന പഴയ ബംഗ്ലാവുകളും പഴയ രീതിയിൽ ഉള്ള ചെറിയ പള്ളികളും ആ മനോഹര ദൃശ്യങ്ങൾക്ക് മാറ്റ് കൂട്ടുന്നു. ഒരുപാടു സ്ഥലങ്ങളിൽ നിർത്തി ആവുന്നത്ര കാഴ്ചകൾ ആസ്വദിച്ചു. ഇനിയുള്ളത് മഹാരാജ മേഡ് ആണ്. ഇവിടെ നിന്നും ഏതാണ്ട് പതിനാലു കിലോമീറ്ററോളം യാത്രയുണ്ട് അവിടേക്കു. ഒരു പാലം കയറിച്ചെല്ലുമ്പോൾ തന്നെ കുറച്ചു ജീപ്ഡ്രൈവര്മാര് അവരുടെ ജീപ്പുമായി നിൽക്കുന്നു. കാരണം അവിടെ വരയെ ടാറിങ് റോഡ് ഉള്ളു. കാറിനു വരുന്നവർ വണ്ടി അവിടെ പാർക്ക് ചെയ്തു ജീപ്പിനാണ്  തുടർന്നുള്ള യാത്ര. ഇനി  അങ്ങോട്ട് മെറ്റൽ പാകിയ വഴിയാണ്.  വഴിയിലുടനീളം വലിയ വെള്ളക്കെട്ടും ഉണ്ട്. വലിയ ഓഫ് റോഡ് അല്ല എങ്കിൽ കൂടെയും കാറിനു അല്പം ബുദ്ധിമുട്ടായിരിക്കും. തേയില തോട്ടങ്ങളുടെയു ലയങ്ങളുടെയും തടാകങ്ങളുടെയും ഇടയിലൂടെ പോകുന്ന ആ വഴി അല്പം ചെല്ലുമ്പോൾ വെറും മൺവഴി ആയി മുന്പോട്ടു പോകുന്നു. പണ്ട് കർണാടകയിലെ കെമ്മനഗുണ്ടി യാത്രയിൽ ഒരു വെള്ളക്കെട്ടിൽ തെന്നിവീണതിന്റെ ഓര്മ നിലനിൽക്കതിനാലാകാം ഓരോ  വെള്ളക്കെട്ടും ചെറിയ ഭയത്തോടുകൂടിയാണ് ഞാൻ ക്രോസ് ചെയ്തത്. അവിടുത്തെ മണ്ണിനു അല്പം വഴുക്കൽ കൂടുതൽ ആണ്. ഒരു കുടു കുടു ശംബ്ദം കേട്ട് പിന്നിലേക്കുനോക്കിയപ്പോൾ അതാ വരുന്നു മേഘമല എന്ന സുന്ദരിയെ ഒറ്റയ്ക്ക് ആസ്വദിക്കാൻ ബുള്ളറ്റിൽ വരുന്ന ഒരു റൈഡറെർ പേര് രാജേഷ്. തൊടുപുഴ. മഹാരാജ മേട്ടുവരെ ഞാനും അദ്ദേഹത്തോടൊപ്പം കൂടി. പോകുന്ന വഴിയിൽ കണ്ട മറ്റൊരു കാഴ്ച ബൈക്കിൽ ഇരിക്കുന്ന ഒരു പയ്യന്റെ ഫോട്ടോയോടുകൂടിയ ഒരു ശവകുടീരം. ഒരു പക്ഷെ അവൻ ഒരു ബൈക്ക് പ്രാന്തന് ആയിരുന്നായിരികം. ബൈക്ക് പാർക് ചെയ്തു ആപൽപം മുകളിലേക്കു കയറിയാൽ മഹാരാജ മേഡ്  എന്ന മനോഹരമായ വ്യൂ പോയിന്റ് ആയി. തമിഴ്നാടിന്റെ നിരന്ന സ്ഥലങ്ങളും, കേരളത്തിന്റെ മലനിരകളും, അങ്ങ് ദൂരെയായി കാണപ്പെടുന്ന പെരിയാർ തടാകവും അവിടെ നിന്നുള്ള മനോഹര കാഴ്ചകൾ ആണ്. അങ്ങ് ദൂരെയായി കാണപ്പെടുന്ന വലിയ ഒരു വെള്ളച്ചാട്ടം ആണ് എന്നെ കൂടുതൽ ആകർഷിച്ചത്. അവിടെ നിൽക്കുമ്പോൾ താഴേക്ക് ഒരു ടാറിങ് റോഡ് പോവുന്നുണ്ട്. ഒരു പക്ഷെ കമ്പത്തേക്കായിരിക്കാം. ആ വഴി സഞ്ചരിക്കാൻ അനുമതി  ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ആവശ്യത്തിലധികം സമയം അവിടെ ചിലവഴിച്ചു ഞങ്ങൾ യാത്ര തിരിച്ചു. തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ ഒന്നിച്ചായിരുന്നില്ല എങ്കിൽ കൂടിയും വീണ്ടു പല സ്ഥലങ്ങളിൽ വെച്ച് കണ്ടുമുട്ടി. മേഘമലയിലേക്കു ആളുകൾ എത്തികൊണ്ടു ഇരിക്കുന്നതെ ഉള്ളു . ഉച്ചസമയം ആയതിനാലാകാം രാവിലെ കണ്ട ആ മനോഹര കാഴ്ചകൾക്ക് അല്പം മങ്ങൽ പറ്റിയത് പോലെ തോന്നുന്നു. കാറ്റാടിപ്പാടങ്ങളുടെ മനോഹര ദൃശ്യങ്ങളും ആസ്വദിച്ച് , പാതി ദൂരം കയറി വലിമുട്ടിനിൽക്കുന്ന ഏതോ ഒരു ടൂറിസ്റ്റ് ബസും കണ്ടു  ഉച്ചകഴിഞ്ഞപ്പോളേക്കും ഞാൻ മലയിറങ്ങി. 

സമയം ഞാൻ വിചാരിച്ചതിലും നേരത്തെ ആയതിനാൽ. സുരുളി വെള്ളച്ചാട്ടം എന്ന ബോർഡ് കണ്ടു അവിടേക്കു പോവാൻ തീരുമാനിച്ചു. തികച്ചും ഗ്രാമപ്രദേശത്തുകൂടിയുള്ള ഒരു വഴി. തെങ്ങിൻ തോപ്പുകളും കരിമ്പിൻ പാടങ്ങളും  മുണ്ടിരി തോട്ടങ്ങളും കണ്ടു കുറെ പോയി. 

സുരുളി വാട്ടർ ഫാൾസ് എൻകെ അണ്ണാ ? എന്ന് ചോദിച്ചിട്ടും ഒരു അണ്ഡവും കുന്തവും തിരിയാത്ത ആൾക്കാർ. വഴി അറിയാൻ ഒരു മാർഗവും ഇല്ലാത്തതിനാൽ ഞാൻ  തിരിച്ചു ഹൈവേയിലേക്കു കയറി. കുമളിക്ക് പോവുന്ന വഴി മഹാരാജ


മേട്ടിൽ നിന്ന് കണ്ട  വെള്ളച്ചാട്ടത്തിന്റ ദൃശ്യം കൂടുതൽ അടുത്ത് കാണാൻ സാധിച്ചു. പിന്നെ കുറെ ജമന്തി പാടങ്ങളും. മല അടിവാരം വരെ  നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഹൈവേ, പെരിയാർ പവർ സ്റ്റേഷൻ കഴിഞ്ഞു കുറെ ഹെയർപിൻ ബെന്റുകളും കയറി വൈകുന്നേരമായപ്പോളേക്കും കുമളിയിലെത്തി. ഇനി ഒരു റൂം കണ്ടു പിടിക്കണം. മൊത്തത്തിൽ ഇവിടെ താമസം അല്പം ക്യാഷ് കൂടുതൽ  ആണെന്ന് ചെന്നപ്പോൾ തന്നെ മനസിലായി.  ചോദിച്ച റൂമുകൾക്കൊക്കെ അല്പം റേറ്റ് കൂടുതൽ ആണ്. അങ്ങനെ റോഡ് സൈഡിൽ നിൽക്കുമ്പോൾ ഒരു ചേട്ടൻ വന്നു ചോദിച്ചു. 

“റൂം വേണോ, എന്റെ സ്വന്തം ബിൽഡിംഗ് ആണ്. ഏജന്റെ ക്യാഷ് നിങ്ങള്ക്ക് ഒഴിവാക്കി ഓഫർ പ്രിസിൽ തരാം. വാ“


പുള്ളി പറഞ്ഞ 600 എന്റെ ബഡ്ജറ്റിൽ ഒതുങ്ങാത്തതുകൊണ്ടു. ലളിതമായ ഒരു റൂം കുറഞ്ഞ പൈസക്ക് പുള്ളി തന്നെ ഏർപ്പാടാക്കി തന്നു. സൂര്യൻ അസ്തമിക്കാൻ ഇനിയും സമയം ബാക്കി. അടുത്തെവിടെങ്കിലും കാണാൻ പറ്റിയ സ്ഥലം ഉണ്ടോ എന്ന് തിരക്കിയപ്പോൾ ഒട്ടകത്തൽമേടിനെ കുറിച്ച് അറിയാൻ ഇടയായി. പൊട്ടിപൊളിഞ്ഞ റോഡിലൂടെ കയറ്റം കയറി കുമളിക്കടുത്തുള്ള ഒരു കുന്നിനുമുകളിലെത്തി. നല്ല കാറ്റത്തു നീങ്ങിവരുന്ന കോട്ടയുടെ ഗ്യാപിലൂടെ കുമളി ടൗണും ദൂരെ പെരിയാർ തടാകവും കാണാം. ഇങ്ങോട്ടെത്തിച്ചേരാൻ ജീപ്പാണ് സാധാരണ  സഞ്ചാരികൾ  ആശ്രയിക്കാറ്. ഇരുട്ടായപ്പോളേക്കും  തിരികെ കുമളിയിലെത്തി. ഒന്നാം മയിൽ  കുമളി റോഡിൽ കണ്ട അന്നപൂർണ വെജിറ്റേറിയൻ ഹോട്ടലിൽ കയറി മനസിനും ശരീരത്തിനും ഇണങ്ങാത്ത ഭക്ഷണവും കഴിച്ചു റൂമിൽ വന്നു ഫ്രഷായി. റൂം ഓണേർമാരോട് അല്പം നാട്ടുവിശേഷങ്ങൾ ഒക്കെ ചോദിച്ചു തിരികെ ഉറങ്ങാൻ വന്നു കിടന്നപ്പോൾ കൂട്ടിനു മറ്റവനും ഉണ്ടായിരുന്നു “തലവേദന”...........ഇന്ന് വെള്ളം കുടിയുടെ അളവ് അല്പം കുറവായിരുന്നു. 


Day 3 


രാവിലെ തന്നെ എണിറ്റു എങ്കിലും തലവേദന മാറിയിരുന്നില്ല. മാത്രമല്ല അല്പം ശക്തവുമായി. എന്റെ പ്ലാനിങ്ങുകൾ എല്ലാം പാളുമോ എന്ന ആശങ്കയും പിടിമുറുക്കി. ടൗണിൽ പോയി ഒരു ചൂട് ചായയും കുടിച്ചു, തേക്കടിയിൽ  ബോട്ടിനിങ്ങിനു


പോവാനായി അവരുടെ ബസിൽ കയറാൻ വന്നു. അപ്പോളാണ് നീണ്ട ക്യു . നേരത്തെ ബുക്ക് ചെയ്തതിനാൽ എനിക്കവിടെ സമയം കളയേണ്ടി വന്നില്ല. അല്പദൂരമുള്ള യാത്രയിൽ ശരീരം മുഴുവനും മരവിക്കുന്നതു  പോലെ എനിക്കനുഭവപ്പെട്ടു. വല്ലാത്ത തളർച്ച. ബോട്ടിംഗ് ഉപേക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. നിസഹായാവസ്ഥയിൽ മാത്രം ദൈവത്തെ വിളിക്കുന്ന ഞാൻ അന്ന് അങ്ങേരുടെ സഹായം അഭ്യർത്ഥിച്ചു. ബസിൽ നിന്നിറങ്ങി അൽപ സമയം ഇരുന്നപോളെക്കും ചെറിയ ഒരു ആശ്വാസം പോലെ തോന്നിയതിനാൽ ബോട്ടിങ്ങിനു പോവാൻ തന്നെ തീരുമാനിച്ചു. ആ ബോട്ട് യാത്രയിൽ ഔഷധ സസ്യങ്ങളെ തഴുകി വരുന്ന കാറ്റടിച്ചിട്ടോ. ദൈവത്തിന്റെ ഇടപെടൽ മൂലമോ ശാരീരിക ക്ഷീണമെല്ലാം മാറി. ആ യാത്രയിൽ ഒരു പാട് മൃഗങ്ങളെ കാണാൻ കഴിഞ്ഞില്ല എങ്കിൽ കൂടെയും. ഉദയ സൂര്യന്റെ പ്രകാശത്താൽ ശോഭിക്കുന്ന മരങ്ങളുടെയും, ജലപ്പരപ്പിനു മുകളിൽ തലയുയർത്തിനിൽക്കുന്ന ഉണക്ക മരങ്ങളിൽ വിശ്രമിക്കുന്ന പക്ഷികളുടെയും, അങ്ങ് അകലെ  കുന്നിൻ മുകളിൽ മേഞ്ഞു നടക്കുന്ന കാട്ടുപോത്തുകളുടെയും. തടാക തീരത്തെ പുൽമേട്ടിൽ മേയാൻ വരുന്ന മാന് കൂട്ടങ്ങളുടെയും കാഴ്ചകണ്ടു ആ യാത്ര ഞാൻ നല്ല രീതിൽ ആസ്വദിച്ചു. 

ഒന്നര മണിക്കൂർനേരത്തെ ബോട്ടു യാത്ര പെട്ടെന്ന് അവസാനിച്ചപോലെ തോന്നി. വേനൽ കാലമാണ്  കൂടുതൽ മൃഗങ്ങളെ കാണാൻ സാധ്യത എന്ന് ഗൈഡ് പറഞ്ഞു . തിരികെ റൂമിൽ വന്ന് ഓണർ ചേട്ടന്റെ വീട്ടിൽ നിന്നും കുപ്പിയിൽ വെള്ളവും നിറച്ചു അവരോടു യാത്രയും പറഞ്ഞു. ഇടുക്കി വഴി തൊടുപുഴക്കു യാത്ര തിരിച്ചു. ഒരു പത്തു വര്ഷം മുൻപ് ഇതേ റൂട്ടിൽ എന്റെ പഴയ ബൈക്കിൽ ഞാൻ യാത്ര ചെയ്തത് എനിക്കൊര്മവരുന്നു. 


ഉച്ച ആകാറായപ്പോളേക്കും ഞാൻ കാൽവരിമൗണ്ടിൽ എത്തി. കുന്നിൻ മുകളിൽ നിന്നുള്ള ഇടുക്കി ജല പരപ്പിന്റെ മനോഹര ദൃശ്യം, ചീറി പായുന്ന കോടമഞ്ഞിനാൽ ഇടയ്ക്കിടയ്ക്ക് മങ്ങി പോവുന്നു. കോടമഞ്ഞു മാറി ആ മനോഹര ദൃശ്യം 

കാണാൻ അൽപ്പം  കാത്തിരിക്കേണ്ടിവന്നു. പണ്ട് ഇവിടേക്ക് പൊട്ടിപൊളിഞ്ഞ റോഡ് ആണെകിൽ ഇന്ന് അതെല്ലാം


കോൺക്രീറ് ചെയ്തിരിക്കുന്നു. ഭീമാകാരമായ ഇടുക്കി ആർച്ചുഡാമിനെ റോഡിൽ നിന്നും ഒന്ന് നോക്കിക്കണ്ടു ഉച്ചയോടെ ചെറുതോണിയിൽ എത്തി. പാപ്പൻസ് ഹോട്ടലിൽ കയറി കിടിലൻ ഊണും ഓണപായസവും. 


ഭക്ഷണത്തിനു ശേഷം ചെറുതോണി ഡാമും ഇടുക്കി ഡാമും ഒറ്റ നോട്ടത്തിൽ കാണാൻ സാധിക്കുന്ന ഹിൽവ്യൂ പാർകിൽ ഞാൻ എത്തിച്ചേർന്നു. എന്റെ പഴയ യാത്രയിൽ ഈ രണ്ടു ഡാമുകളും ഒറ്റഫ്രെമിൽ ഫോട്ടോ എടുത്ത അതെ സ്ഥലത്തു ഇപ്പോൾ ഒരു മരം വളർന്നു ചെറുതോണി ഡാമിന്റെ കാഴ്ച മറച്ചിരിക്കുന്നു. മനുഷ്യ നിർമ്മിതങ്ങളായ പാർക്കുകൾ പൊതുവെ ഇഷ്ട്ടപ്പെടാത്ത എന്നെ ഈ പാർക്കിലേക്ക് ആകര്ഷിച്ചതും പണ്ട് മനസ്സിൽ പതിഞ്ഞ കാഴ്ചകൾ ആയിരുന്നു. ഇടക്കിടക്ക് പെയ്യുന്ന മഴയിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന ആ പാർക്കിൽ നിന്നും ഉള്ള ഇടുക്കി ഡാമിന്റെ കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരുന്നതായിരുന്നു. മഴയായതിനാൽ ആയിരിക്കാം അഡ്വഞ്ചർ പാർക്കിലും കുട്ടികളുടെ പാർക്കിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണുള്ളത്. എല്ലയിടവും ഒന്ന് ചുറ്റികണ്ട്  യാത്ര തുടർന്നു. ഇനി അങ്ങോട്ട് കുറെ ദൂരം വനത്തിലൂടെയാണ് യാത്ര. ശക്തമായി പെയ്യുന്ന മഴയിൽ നനഞ്ഞുകുതിർന്ന റോഡിൽ വണ്ടികളുടെ ടൈൽ ലൈറ്റുകൾ തിളങ്ങി. എന്നാൽ വനത്തിന്റേതായ ഒരു ഭീകരത എനിക്കനുഭവപെട്ടില്ല. കുളമാവ് ഡാമും പിന്നിട്ടു ഞാൻ, മൂലമറ്റം തൊടുപുഴ റോഡിൽ കാഞ്ഞാർ എന്ന സ്ഥലത്തുനിന്നും  ഇടത്തേക്ക് തിരിഞ്ഞു ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ പോയി. വീതികുറഞ്ഞ റോഡ് ആയതിനാലും ധരാളം സഞ്ചാരികൾ ഉള്ളതിനാലും ഇല്ലിക്കൽ കല്ല് എത്താൻ കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നു. ഒരു ബൈക്ക് വെക്കാൻ പോലും സ്ഥലമില്ലാതെ വാഹനങ്ങൾ നിറഞ്ഞു


കവിഞ്ഞിരിക്കുന്നു.  അവിടമാകെ വലിയ ജനക്കൂട്ടം. പാർക്ക് ചെയ്‌ത വണ്ടി എടുക്കാൻ പറ്റാതെയും കൊണ്ടുവന്ന വണ്ടി പാർക്ക് ചയ്യാൻ പറ്റാതെയും ബുദ്ധിമുട്ടി നിൽക്കുന്നവരും ടിക്കറ്റ് എടുക്കാൻ തിരക്ക് കൂട്ടിനിൽക്കുന്നവരും മൊത്തത്തിൽ ഒരു ഉത്സവപ്പറമ്പിൽ പ്രദീതി. ഇലവീഴാ പൂഞ്ചിറ സന്ദർശിക്കാൻ പോയാൽ മതിയായിരുന്നു എന്ന് എനിക്ക് തോന്നിപോയി. പാർക്കിംഗ് ഏരിയയിൽ നിന്നും ഇല്ലിക്കൽ കല്ല് വരെ ജീപ്പ് സൗകര്യവും അധികൃധർ ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റും എടുത്തു ഞാൻ നടക്കാൻ തുടങ്ങി. കുറച്ചങ്ങു കയറിയപോളെക്കും ചുറ്റുമുള്ള കാഴ്ച മറക്കുന്ന രീതിയിൽ കോടമഞ്ഞു. ഒന്നും കാണാൻ സാധിക്കില്ല എന്ന് അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു. എങ്കിലും മുകളിൽ വരെ പോയി സംരക്ഷണ വേലിയിൽ ചാരി പുറകിൽ എന്തോ ഉണ്ട് എന്ന് സങ്കൽപ്പിച്ചു  സെൽഫി എടുക്കുന്ന കുറെ ആൾക്കാരെയും കണ്ടു തിരിച്ചിറങ്ങി. മുകളിലേക്ക് കയറുന്ന വളഞ്ഞു പുളഞ്ഞ റോഡിനു ഒരു പ്രത്യേക ഭംഗി ഉണ്ട് . അപ്പോളേക്കും ചെറുതായി ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു എങ്കിലും കട്ടിക്കയം വെള്ളച്ചാട്ടം കാണാൻ തന്നെ തീരുമാനിച്ചു. താഴേക്കിറങ്ങി ഇടത്തേക്ക് പോവുന്ന റോഡിൽ രണ്ടു കിലോമീറ്റര് പോയാൽ കട്ടിക്കയം വെള്ളച്ചാട്ടത്തിനടുത്തെത്താം. വണ്ടി വെച്ച്  അടുത്തുള്ള ഒരു വീട്ടിൽ കയറി വഴിയൊക്കെ മനസിലാക്കി, ഈറ്റ കാട്ടിലൂടെ പോവുന്ന നടവഴിയിലൂടെ നടന്നു, കുറെ സ്റ്റെപ്പുകൾ ഇറങ്ങി. വെള്ളച്ചാട്ടത്തിനടിയിൽ എത്തി. സാമാന്യം ഉയരത്തിൽ നിന്നും  കലിതുള്ളി ചാടുന്ന വെള്ളച്ചാട്ടത്തിന്റെ കാറ്റടിച്ചു മൊത്തത്തിൽ നനഞ്ഞു. എങ്കിലും കഷ്ടപ്പെട്ട് കുറച്ചു ഫോട്ടോയൊക്കെ എടുത്തു.  ഇരുട്ടായി തുടങ്ങിയതിനാൽ കൂടുതൽ സമയം ചിലവഴിക്കാൻ സാധിച്ചില്ല. എതെല്ലോ എതെല്ലൊ വഴിയിലൂടെയെല്ലാം സഞ്ചരിച്ചു എട്ടുമണിയോടെ തൊടുപുഴ എത്തി. വലിയ റേറ്റ് ഇല്ലാതെ ഒരു റൂമും കണ്ടുപിടിച്ചു. മേഘമലയിൽ നിന്നും പരിചയപ്പെട്ട രാജേഷിന്റെ വീട് തൊടുപുഴയായതിനാൽ അദ്ദേഹത്തെ ഒന്നുകൂടെ കാണാൻ സാധിച്ചു. നാളെ എനിക്ക് പോവേണ്ട സ്ഥലമായ വണ്ണപ്പുറത്തേക്കു തൊടുപുഴയിൽ നിന്നും ഉള്ള  റൂട്ട് എന്റെ മറ്റൊരു സുഹൃത്തായ ജോബിയുടെ സഹായത്താൽ മനസിലാക്കി. ഏതാണ്ട് പത്തുമണിയോടെ തിരികെ റൂമിൽ വന്നു ഒരു കുളിയും പാസാക്കി സുഗമായി ഉറങ്ങി. 


Day 4 


കോട്ടപ്പാറയിൽ പോകുവാണെങ്കിൽ വെളുപ്പിനെ പോണം എന്ന് പലരും പറഞ്ഞു കേട്ടിട്ടുള്ളതിനാൽ, വെളുപ്പിനെ നാലരയോടെ ഞാൻ തൊടുപുഴ വിട്ടു. കോരിച്ചൊരിയുന്ന മഴ. തൊടുപുഴയിൽ നിന്നും പുറത്തിറങ്ങേണ്ട വഴി ജോബി ഇന്നലെ കൊണ്ടുപോയി  കാണിച്ചില്ലാരുന്നേൽ ഇപ്പോൾ ഞാൻ നന്നായി ബുധിമുട്ടിയേനെ എന്ന് എനിക്ക് തോന്നി. മഴയായതിനാൽ


ഒരാളെ പോലും പുറത്തു കാണാനില്ല. കുറെ ചെന്നപ്പോൾ ചെറുതായി വഴി തെറ്റിയെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ അഞ്ചരയോടെ ഞാൻ വണ്ണപ്പുറം എത്തി ഒരു കടത്തിണ്ണയിൽ ഇരുന്നു. അപ്പോളും മഴക്കൊരു ശമനവും  ഇല്ല. മഴ മാറില്ല എന്ന് തോന്നിയപ്പോൾ നേരെ കോട്ടപ്പറവ്യൂ പോയിന്റിലേക്കു പോയി, കുറെ ദൂരം കോൺക്രീറ്റ് ചെയ്ത റോഡ്  വലിയ ഒരു കയറ്റം കയറിച്ചെന്നു നിരന്ന ഒരു സ്ഥലത്തു എത്തുന്നു. അവിടെ വണ്ടിവെച്ചു ഒരു കടയിൽ കയറി നിന്നപ്പോളാണ് മനസിലായത് എന്നെ കഴിഞ്ഞും നേരെത്തെ അവിടെ എത്തി മഴ മാറാൻ കാത്തുനിൽക്കുന്ന ആൾക്കാർ വേറെയും  ഉണ്ടെന്നു. അധികം കാത്തുനിൽക്കാതെ മഴ ചെറുതായി ഒന്ന് ശമിച്ചു.  ഇരുണ്ട വെളിച്ചത്തിൽ ഞാനും അവരോടൊപ്പം മനസിലുള്ള “മേഘ കടൽ” കാണാനായി നടന്നു. ഏതാണ്ട് ഒരു ഇരുപതു മീറ്റർ നടന്നപ്പോളേക്കും ഒരു പാറയുടെ മുകളിൽ എത്തി. വയനാട്ടിലെ കുറുമ്പാലക്കോട്ടയുടെ മുകളിൽ നിന്ന് നോക്കുന്നപോലെത്തെ ഒരു വ്യൂ. അവിടിവിടായി ചിന്നി ചിതറി കിടക്കുന്ന കോടമഞ്ഞു. അല്പവും കൂടി വെളിച്ചം വീണപ്പോളാണ് മനസിലായത് അത് കോട്ടപ്പാറ വ്യൂ പോയിന്റ് എന്ന പേരിൽ അറിയപ്പെടുന്ന  വേസ്റ്റ് പാറ  വ്യൂ പോയിന്റ് ആണ് എന്ന്. നമ്മൾക്ക് നമ്മളോട് തന്നെ വെറുപ്പ് തോന്നുന്ന സമയം. ഒരു കാലത്തു ഹിഡൻ ആയി കിടന്ന ഈ മനോഹര സ്ഥലം. മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ച ആൾക്കാരോട് വെറുപ്പ് തോന്നുന്ന സമയം. ഈ യാത്രയിൽ ആദ്യമായി മനസ് വെറുതെ സ്ഥലം. 


പിന്നെ അവിടെ സമയം ചിലവഴിച്ചില്ല. നേരെ വിട്ടു ആനയടി കുത്തു വെള്ളച്ചാട്ടം കാണാൻ. തൊമ്മൻ കുത്തു കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാണ് അങ്ങോട്ട് പോവേണ്ടത് . ഏതാണ്ട് ഒന്നര കിലോമീറ്ററോളം ഓഫ് റോഡ് ആണ്. കോൺക്രീറ് ഉണ്ടെങ്കിലും ചില സ്ഥലങ്ങളിൽ  വഴു വഴുപ്പുള്ള പാറയുടെ മുകളിലൂടെ വേണം ബൈക്ക് കയറിപ്പോവാൻ.


അതിലെ ഉള്ള യാത്ര വിഡിയോയിൽ പകർത്താത്തതിൽ ഇപ്പോളും ഞാൻ ഖേദിക്കുന്നു. വണ്ടി പാർക്ക് ചെയ്തു കുറച്ചു സ്റ്റെപ് ഇറങ്ങി വലത്തേക്ക് തിരിഞ്ഞാൽ ആനയടി കുത്തു വെള്ളച്ചാട്ടം ആയി. ശക്തമായ ഒഴുക്കുള്ളതിനാൽ വെള്ളത്തിലിറങ്ങാൻ ഞാൻ മുതിർന്നില്ല. വളരെ മനോഹരമായ വെള്ളച്ചാട്ട. ഒരുപാടു പേർക്ക് ഒരേ സമയം നിരന്നു നിന്ന് കുളിക്കാൻ പറ്റിയ വെള്ളച്ചാട്ടം. കുറച്ചു പാറക്കൂട്ടങ്ങളുടെ ഇടയിലാണ് ഈ സ്ഥലം. നനഞ്ഞ ഡ്രസ്സ് മാറുന്നതിനുള്ള സൗകര്യവും അവിടെ ഏർപ്പാടാക്കിയിരുന്നു. ലോ ഷട്ടർ ഫോട്ടോഗ്രാഫ്യ്ക്കു പറ്റിയ സ്ഥലം ആണെങ്കിലും ശക്തമായ കാറ്റടിക്കുന്നതിനാൽ ഒരു നല്ല ഫോട്ടോ പോലും എടുക്കാൻ കഴിഞ്ഞില്ല. അവിടെയും വെസ്റ്റിന്റെ സാനിധ്യം ഇല്ല എന്ന് പറയാൻ കഴിയില്ല. അടുത്ത് തൊമ്മൻ കുത്തു വെള്ളച്ചാട്ടം ആണ്. ഇവിടുന്നു  അധികം ദൂരം ഇല്ല. ഒൻപതു മണിയോടെ ഞാൻ അവിടെ എത്തി. അത് മുഴുവനും വനം വകുപ്പിന്റെ സംരക്ഷണത്തിൽ ഉള്ളതാണ്. അവർ ഗേറ്റ് ഒക്കെ ഓപ്പൺ ആക്കി വരുന്നതേ ഉള്ളു. അതിനോട്  ചേർന്ന് കട നടത്തുന്ന പ്രായമായ ഒരു അമ്മച്ചിയെ കണ്ടു. അവരുടെ അടുത്തുനിന്നും  ഒരു ചായയും കുടിച്ചു കടയുടെ പുറകിലെ ബാൽക്കണിയിലേക്ക് നടന്നപ്പോൾ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം കാണാനിടയായി. വര്ഷങ്ങള്ക്കു മുൻപ് അമ്മച്ചിയും കുടുംബവും അവിടെ കുടിയേറി പാർത്തതുമുതൽ ഉള്ള ഭീകര  കഥകൾ കേട്ട് സമയം പോയതറിഞ്ഞില്ല. വനം വകുപ്പിന് ഇരുപതു രൂപ കൊടുത്തു വെള്ളച്ചാട്ടം കാണായി നടന്നു തുടങ്ങി. വലിച്ചു വാരി ഇട്ടിരിക്കുന്ന വേസ്റ്റുകൾ കാണാനില്ലാത്തതു തന്നെ വലിയ ആശ്വാസം. ചെറിയ ഒരു കാനന പാത എന്ന് പറയാം. വലതുവശത്തായി കലിതുള്ളി ഒഴുകുന്ന വളരെ അപകടം പിടിച്ച ഒരു പുഴയും. വലിയ വെള്ളച്ചാട്ടം പ്രതീഷിച്ചു  വരുന്നവർക്ക് നിരാശയാകും ഫലം. ആ നടത്തം ഏതാണ്ട് നൂറുമീറ്റർ പോയി തിരികെ വരാം. ആളുകൾ പുഴയിൽ ഇറങ്ങാതെ ശ്രദിക്കാൻ നിൽക്കുന്ന ഗാർഡ് മാരെ ഇടയ്ക്കിടെ കാണാം. തിരികെ വന്നപ്പോൾ ഭയങ്കരമായ ഒരു മഴയും പെയ്തു, ചെറിയ അരുവികളൊക്കെ നിറഞ്ഞു കവിഞ്ഞു ഒഴുകാനും തുടങ്ങി. കടയിലെ അമ്മച്ചിയോടു യാത്രയും പറഞ്ഞു ഞാൻ വണ്ടി തിരിച്ചു. അങ്ങനെ എന്റെ ലിസ്റ്റിലെ അവസാന സ്ഥലവും കണ്ടു. തൂവൽ വെള്ളച്ചാട്ടവും, കല്ലുമേ കല്ല് വ്യൂ പോയിന്റും  പോവാൻ സാധിക്കാത്തതിൽ ചെറിയ ഒരു ദുഃഖം മാത്രം ബാക്കി.  വണ്ണപ്പുറം ചെന്ന് മുവാറ്റുപുഴ റോഡിൽ ഇടതു വശത്തായി ഉള്ള സിറ്റി ഹോട്ടലിൽ കയറി നന്നായി ഭക്ഷണവും കഴിച്ചു തിരിച്ചിറങ്ങിയപ്പോൾ സമയം പതിനൊന്നര. ഇനി നേരെ വീട് പിടിക്കണം. മുവാറ്റുപുഴ വരെ റോഡ് പണി നടക്കുന്നതിനാൽ യാത്ര അല്പം ബുധിമുട്ടായിരുന്നു. അങ്കമാലി - തൃശൂർ വഴി കോഴിക്കോടെത്തിയപ്പോൾ സമയം നാലുമണി. കോഴിക്കോട് ബൈ പാസിൽ കിലോമീറ്റര് നീണ്ട ബ്ലോക്ക്. ബൈക്ക് ആയിട്ടു പോലും ഒരു പാട് സമയം എനിക്ക് നഷ്ടമായി. അപ്പോൾ മറ്റു വണ്ടിക്കാരുടെ  അവസ്ഥ ഞാൻ ആലോചിച്ചു. വരുന്ന വഴി ഇരിട്ടിയിൽ ഇറങ്ങി തട്ടുകടയിൽ നിന്നും ഭക്ഷണവും കഴിച്ചു ഒമ്പതരയോടെ ഞാൻ വീട്ടിൽ എത്തിയപ്പോൾ എന്നെ സ്വീകരിക്കാൻ  വാലാട്ടി കുണുങ്ങി കുണുങ്ങി നിൽക്കുന്ന എന്റെ മിക്കി പട്ടി. 


Total running Km - 1288km

Petrol 3000

Room rent

Food

Entry free

 


Comments